അഞ്ചാറു വർഷങ്ങൾക്ക് മുൻപ് ക്രിസ്തുമസ് കാഴ്ചകൾ കാണാനായി ഇറങ്ങിയ എന്റെ കണ്ണുകളെ കുളിരണിയിച്ചത് ചുവപ്പും വെളുപ്പും പച്ചയും നിറവിന്യാസങ്ങളില്‍ ആറാടിയ ഇറ്റാലിയൻ നഗരമായിരുന്നു. വീഥികളും കടകമ്പോളങ്ങളും റെസ്റ്റോറന്റുകളും എന്നുവേണ്ട സകലതും ക്രിസ്തുമസ് നിറങ്ങളില്‍ അഹങ്കാരത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന മനോഹരമായ കാഴ്ച…

എല്ലാ കടകളിലും എന്ന പോലെ അടിവസ്ത്രങ്ങൾക്കയുള്ള പല ബ്രാൻഡഡ് കടകളിലും ചുവപ്പ് നിറങ്ങളിലുള്ള അടിവസ്ത്രങ്ങൾ നിരന്നു കിടപ്പുണ്ടായിരുന്നു.new yearക്രിസ്തുമസ് ഒരുക്കങ്ങളുടെ ഭാഗമായാണ് ചുവപ്പ് നിറത്തിലുള്ള അടിവസ്ത്രങ്ങൾ നിരന്നിരിക്കുന്നത് എന്നേ ആദ്യം കരുതിയുള്ളൂ. എന്നാൽ, സുഹൃത്തായ ജോസഫിൻ ചില പുതുവര്‍ഷ വിശ്വാസങ്ങളുടെ കഥകള്‍ പറഞ്ഞപ്പോഴാണ് ഈ ചുവന്ന അടിവസ്ത്രങ്ങള്‍ക്ക് പിന്നിലും ഒരു കഥയുണ്ടെന്ന് മനസ്സിലായത്..

വർഷത്തിന്റെ അവസാനദിവസം അല്ലങ്കിൽ പുതുവർഷ തലേന്ന് യൂറോപ്പിലെ സ്ത്രീ—പുരുഷന്മാര്‍ ചുവന്ന അടിവസ്ത്രങ്ങൾ മാത്രമേ അണിയൂ. ചുവപ്പ് പ്രണയത്തിന്റെ, വികാരത്തിന്റെ, ലൈംഗികതയുടെ നിറമാണ്. അവരുടെ വിശ്വാസം അനുസരിച്ച് ചുവപ്പ് അടിവസ്ത്രങ്ങൾ അണിഞ്ഞ് പുതുവർഷത്തെ വരവേറ്റാൽ ആ വര്‍ഷം അവരുടെ പ്രണയം സഫലമാകുമെന്നും, കാമുകൻ ഇല്ലാത്തവർക്ക് അനുയോജ്യനായ കാമുകനെ കണ്ടെത്താനാവുമെന്നും, ദമ്പതികൾക്ക് അവരുടെ പ്രണയം പുതുമയുള്ളതും കൂടുതൽ മാധുര്യം ഉള്ളതാവുമെന്നുമാണ് വിശ്വാസം… അതുകൊണ്ട് പുതിയ വർഷം തന്റെ സങ്കല്‍പ്പത്തിനനുസരിച്ചുള്ള ഒരു കൂട്ടുകാരനെ കിട്ടാനായി ഈ വിശ്വാസം അവൾ പാലിക്കുന്നുണ്ടത്രേ. ദാമ്പത്യം കൂടുതല്‍ മാധുര്യമുള്ളതാക്കാന്‍ നീയും ട്രൈ ചെയ്യൂ എന്നൊരു ഫ്രീ ഉപദേശവും…

ഒറ്റ ശ്വാസത്തിൽ ജോസെഫിൻ പറഞ്ഞവസാനിപ്പിച്ച ഈ പുതിയ അറിവുകള്‍ എന്നിൽ കൗതുകം നിറച്ചു. പിന്നീട് അതേക്കുറിച്ചു കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു തുടങ്ങിയപ്പോഴാണ് ഒരു കാര്യം കൂടി മനസ്സിലായത്. ഏതു പ്രവർത്തനത്തിനും അതേ ശക്തിയിലുള്ള ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും എന്ന ന്യൂട്ടന്റെ മൂന്നാം സിദ്ധാന്തത്തെ അടിവരയിട്ട് ഉറപ്പിക്കുന്ന ചില വാദങ്ങൾ ശ്രദ്ധയിൽ പെട്ടത്.

ചുവപ്പ് സാത്താന്റെ, രക്തത്തിന്റെ നിറം ആണെന്ന കാരണത്താൽ കൗമാരക്കാർ ചുവപ്പ് അടിവസ്ത്രങ്ങള്‍ അണിയുന്നത് ചില മാതാപിതാക്കൾ തടയാറുണ്ടത്രേ…

എന്തൊക്കെ പറഞ്ഞാലും ശരി, ക്രിസ്തുമസ് സീസണ്‍ ആരംഭിക്കുമ്പോള്‍ തന്നെ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ സൈറ്റുകളിലും, ഷോപ്പിംഗ്‌ മാളുകളിലുമെല്ലാം ‘ചുവന്ന അടിവസ്ത്ര വിപണി’യും സജീവമായി മുന്‍നിരയില്‍ തന്നെയുണ്ടാവും…

ഇതേപോലെ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ മറ്റു രാജ്യങ്ങളിലും രസകരമായ ആചാരങ്ങളും രീതികളും നിലവില്‍ ഉണ്ട്. സ്പെയിനില്‍ പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് കൂട്ടമായി പ്രാര്‍ത്ഥനകള്‍ ചൊല്ലിയാണ് പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് വഴി ദുഷ്ട ശക്തികളെ അകറ്റി നിര്‍ത്തി പുതുവര്‍ഷം കൂടുതല്‍ അനുഗ്രഹീതമാക്കി മാറ്റാന്‍ കഴിയുമെന്നും അവര്‍ വിശ്വസിക്കുന്നു…

ബ്രസീലില്‍ വെളുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ് ജലദേവതയായ യെമോഞ്ഞയ്ക്ക് (The Lemanjá) സമ്മാനങ്ങളും പൂക്കളും അര്‍പ്പിച്ച് പുതുവര്‍ഷത്തെ വരവേല്‍ക്കുന്നു. പുതുവര്‍ഷത്തില്‍ ജലദേവത ഭാഗ്യം കൊണ്ടുവരും എന്നാണ് വിശ്വാസം…

ചൈനയില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ചുവന്ന കവറില്‍ പണം നിക്ഷേപിച്ച് സുഹൃത്തുക്കള്‍ക്ക് സമ്മാനിക്കുന്ന പതിവുണ്ടത്രേ. ‘നിയാന്‍’ എന്ന ഭീകരനായ രക്ഷസനുമായി ബന്ധപ്പെട്ട ഒരു ഐതീഹ്യവും ഈ ആചാരത്തിനു പിന്നില്‍ ഉണ്ട്. ദുഷ്ടനായ ആ രാക്ഷസന് ചുവപ്പ് നിറം ഭയമായിരുന്നു എന്നും, ചുവപ്പ് നിറം ഉപയോഗിച്ച് ആ രാക്ഷസനെ കീഴ്പ്പെടുത്തി എന്നുമാണ് വിശ്വാസം. ചുവന്ന നിറം ഉപയോഗിക്കുന്നത് വഴി ദുഷ്ടശക്തികളെ അകറ്റി നിര്‍ത്തി പുതുവര്‍ഷത്തില്‍ ഭാഗ്യം കടന്നു വരുമെന്നും ചൈനക്കാര്‍ വിശ്വസിക്കുന്നു…

എല്ലാവര്‍ക്കും ഹാപ്പി ന്യൂ ഇയര്‍…

അമ്മു ആന്‍ഡ്രൂസ്.