പ്രണയത്തിന്റെ ഭാഷയാണ് തിരാമിസു..

കാപ്പിയില്‍ മുങ്ങി നിവര്‍ന്ന മൃദുലമായ ബിസ്കറ്റുകള്‍ ചീസിന്‍റെയും മുട്ടയുടെയും അകമ്പടിയോടു കൂടി ചോക്ലേറ്റ് മധുരം സമ്മാനിച്ച് വായില്‍ അലിഞ്ഞു ചേരുമ്പോള്‍ ആര്‍ക്കാണ് പ്രണയം ഉണ്ടാകാത്തത്..

രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുക്കാനായി പോയിരുന്ന ഇറ്റാലിയന്‍ പട്ടാളക്കാരന് ഭാര്യ സ്നേഹത്തില്‍ ചാലിച്ച് കൊടുത്തയച്ച തിരാമിസു, യുദ്ധമുഖത്തു പോലും അദ്ദേഹത്തെ പ്രണയാതുരനാക്കി എന്നാണ് കവികള്‍ പാടുന്നത്.. ആ സൈനീകരുടെയുള്ളില്‍ പ്രണയവും ജനിച്ച നാടിനോടുള്ള സ്നേഹവും കെടാതെ സൂക്ഷിച്ചതില്‍ തിരാമിസുവിനുള്ള പങ്ക് ചെറുതല്ല അത്രേ..

തിരാമിസു ലോകപ്രശസ്തമായ ഒരു ഇറ്റാലിയന്‍ ഡെസ്സേര്‍ട്ട് ആണ്. പതിനേഴാം നൂറ്റാണ്ടില്‍ ഇറ്റലിയിലെ ടസ്കനി (Tuscany) പ്രവിശ്യയിലാണ് തിരാമിസുവിനോട് സദൃശ്യമായ പുഡ്ഡിംഗ് ആദ്യമായി തയ്യാറാക്കിയത്. അതിനാല്‍ തന്നെ, തിരാമിസു ‘ടസ്കന്‍ ട്രിഫിള്‍’ (Tuscan Triffle)  എന്നും അറിയപ്പെടുന്നു. ‘തിരാമിസു’ എന്ന പേര്, ‘എന്നെ ഉന്‍മേഷവാനാക്കൂ’ എന്നര്‍ത്ഥം വരുന്ന ഇറ്റാലിയന്‍ പദമായ ‘തീരാ മി സു’ (Tiramisu; ‘tira mi su’ means carry me up, bring me up or cheer me up) എന്ന വാക്കില്‍ നിന്നുമാണ് ഉത്ഭവിച്ചിരിക്കുന്നത്.

വളരെ കുറച്ച് ചേരുവകള്‍ ഉപയോഗിച്ച്, അല്ലെങ്കില്‍ വീടുകളില്‍ എപ്പോഴും ലഭ്യമായിരിക്കുന്ന കോഫിയും ചീസും ബിസ്കറ്റും ചോക്ലേറ്റ് പൌഡറും ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വിഭവമാണ് തിരാമിസു. പതിനെട്ടാം നൂറ്റാണ്ടോട് കൂടി ഇറ്റാലിയന്‍ ജനത ഏറ്റെടുത്ത ഈ വിഭവം പിന്നീട് അമേരിക്കയിലും മറ്റു രാജ്യങ്ങളിലും ചേക്കേറിയ ഇറ്റാലിയന്‍ വംശജരിലൂടെയും ഇറ്റലിയില്‍ ജീവിച്ചിരുന്ന വിദേശികളിലൂടെയും ലോകപ്രശസ്തമായി മാറുകയായിരുന്നു..

ഇന്ന് ലോകം മുഴുവന്‍ ഏറ്റെടുത്ത ഈ ഇറ്റാലിയന്‍ രുചി നിങ്ങള്‍ക്കായി പരിചയപ്പെടുത്തുകയാണ്.

ചേരുവകള്‍

tiramisu 1

  • മസ്കര്‍പ്പോണ്‍ ചീസ് : 400 gm
  • മുട്ട : 4 എണ്ണം
  • പഞ്ചസാര (പൊടിച്ചത്) : 150 gm
  • ചോക്ലേറ്റ് പൌഡര്‍ : 50 gm (ഏകദേശം)
  • ലേഡീസ് ഫിന്ഗര്‍ ബിസ്കറ്റ് (Savaoiardi Biscuits) : 400 gm
  • എസ്പ്രസ് കോഫി : അര കപ്പ്‌
  • വാനില എസ്സെന്‍സ്‌ : രണ്ടു തുള്ളി
  • തിളപ്പിച്ച് ആറിയ വെള്ളം : ഒരു കപ്പ്‌

*മര്‍സാല വൈന്‍, കോഫി വൈന്‍, റം, എന്നിങ്ങനെ ഏതെങ്കിലും മദ്യവും രുചിക്ക് അനുസൃതമായി ചേര്‍ക്കാവുന്നതാണ്. (ഫ്രൂട്ട് ജ്യൂസുകളും ചേര്‍ക്കാറുണ്ട്.)

**വാട്ടിയ മുട്ടയോ ബുള്‍സ് ഐയോ കഴിക്കാന്‍ മടിക്കുന്ന ഞാന്‍, തിരാമിസു ആദ്യമായി കഴിച്ചപ്പോള്‍ മുട്ടയാണ് ഉപയോഗിക്കുന്നത് എന്നുപോലും മനസ്സിലാക്കാന്‍ സാധിച്ചില്ല എന്നതാണ് സത്യം. തിരാമിസുവില്‍ മുട്ട പാകം ചെയ്യതെയാണോ ഉപയോഗിക്കുന്നത് എന്ന് ആശ്ചര്യപ്പെടണ്ട കാര്യമില്ല, കാരണം, മുട്ടയുടെ രുചി അത്രപോലും അരുചികരമായി തോന്നുകയില്ല എന്നത് തന്നെ. മുട്ട ഉപയോഗിക്കാന്‍ അത്രമേല്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വിപ്പിംഗ് ക്രീം ഉപയോഗിക്കാവുന്നതാണ്. ലേഡീസ് ഫിംഗര്‍ ബിസ്കറ്റ് ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. മസ്കര്‍പ്പോണ്‍ ചീസിന് പകരം ഫ്രഷ്‌ ചീസ് ക്രീമും ഉപയോഗിക്കാവുന്നതാണ്.

തയ്യാറാക്കുന്ന വിധം;

കോഫി മിശ്രിതം: ഒരു പരന്ന പത്രത്തില്‍ എസ്പ്രസ് കോഫിയും ആവശ്യത്തിന് വെള്ളവും എസ്സന്‍സും മദ്യവും (വേണമെങ്കില്‍) ചേര്‍ത്ത് മാറ്റി വെക്കുക. (400 gm ബിസ്കറ്റ് മുങ്ങാന്‍ ആവശ്യമായ കോഫി മിശ്രിതം ഉണ്ടെന്നു ഉറപ്പ് വരുത്തുക.)

ക്രീമി ലയര്‍: മുട്ടയുടെ വെള്ളയും മഞ്ഞയും വേര്‍തിരിച്ച ശേഷം, കുഴിവുള്ള ഒരു പത്രത്തില്‍ മുട്ടയുടെ വെള്ള മിക്സര്‍ ഉപയോഗിച്ച് നല്ലവണ്ണം പതയ്ക്കുക. മുട്ടയുടെ മഞ്ഞക്കരു എസ്സെന്‍സ് ചേര്‍ത്ത് പതക്കുക. അതിനു ശേഷം  മുട്ടവെള്ളയും മഞ്ഞയും യോജിപ്പിച് നന്നായി മിക്സ് ചെയ്ത് അതിലേക്ക് മസ്കര്‍പ്പോണ്‍ ചീസും പഞ്ചസാര പൊടിയും ചേര്‍ക്കുക. ലയര്‍ ചെയ്യാനുള്ള ചീസ് ക്രീം തയ്യാറായികഴിഞ്ഞു.

tiramisu 2

തിരാമിസു തയ്യാറാക്കാം;

കാപ്പിയില്‍ മുങ്ങിയ ബിസ്കറ്റുകളും ചീസ് ക്രീമും ലെയറുകളായി അടുക്കി മുകളില്‍ ചോക്ലേറ്റ് പൌഡര്‍ വിതറിയാണ്‌ തിരാമിസു തയ്യാറാക്കുന്നത്.
ഒരു സെര്‍വിംഗ് ഡിഷില്‍ ചീസ് ക്രീം ഒരല്പം തേച്ചു പിടിപ്പിച്ച ശേഷം ലേഡീസ് ഫിംഗര്‍ ബിസ്കറ്റുകള്‍ ഓരോന്നായി കാപ്പി മിശ്രിതത്തില്‍ മുക്കി നിരത്തുക. ബിസ്കറ്റിന്റെ ഒന്നാം ലയര്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ അതിനു മുകളിലേക്ക് ചീസ് മിശ്രിതം ഒരല്പം കനത്തില്‍ ഒഴിക്കുക. (തേനിന്റെ രുചി ഇഷ്ടമുള്ളവര്‍ക്ക് ബിസ്കറ്റിന്റെ ഓരോ ലയറിലും ഒരല്പം തേന്‍ തൂവി കൊടുക്കാവുന്നതാണ്.)

ഒന്നാം ലെയറിനു മുകളിലായി, വീണ്ടും ബിസ്കറ്റുകള്‍ കാപ്പി ലായനിയില്‍ മുക്കി നിരത്തി മുകളില്‍ ചീസ് മിശ്രിതം ഒഴിച്ച് രണ്ടാം ലെയര്‍ തയ്യാറാക്കുക. അതിനുശേഷം ഏറ്റവും മുകളിലായി ചോക്ലേറ്റ് പൌഡര്‍ ഒരു അരിപ്പ ഉപയോഗിച്ച് വിതറുക. തിരാമിസു തയ്യാറായി കഴിഞ്ഞു.

സെര്‍വിംഗ് ഡിഷ്‌ കവര്‍ ചെയ്ത് നാലോ അഞ്ചോ മണിക്കൂര്‍ ഫ്രിഡ്ജില്‍ സെറ്റ് ചെയ്യാന്‍ വെച്ച ശേഷം സ്വാദിഷ്ടമായ തിരാമിസു വിളമ്പാവുന്നതാണ്. സെര്‍വ്വ് ചെയ്യുന്നതിന് ഇരുപത് മിനിറ്റ് മുന്‍പ് ഫ്രിഡ്ജില്‍ നിന്നും പുറത്തെടുത്ത് വെച്ചശേഷം മുകളില്‍ ഒരല്പം കൂടി ചോക്ലേറ്റ് പൌഡര്‍ തൂവുന്നത് നല്ലതാണ്.

tiramisu 3

അമ്മു ആന്‍ഡ്രൂസ്.